മലയാളം മിഷന്‍

PDF | Print | E-mail

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. സ്വന്തം നാട്ടില്‍ നിന്നും മലയാള ഭാഷയില്‍ നിന്നും അകന്ന് വിവിധ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് പ്രവാസിമലയാളികള്‍. അതുകൊണ്ടുതന്നെ വീട്ടിലൊഴികെയുള്ളിടത്തെല്ലാം ഹിന്ദിയോ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ അവര്‍ക്ക് ഉപയോഗിക്കേണ്ടിവരുന്നു. ജന്മനാടിനോടും മാതൃഭാഷയോടുമുള്ള കാല്‍പ്പനികവും ഗൃഹാതുരത്വം നിറഞ്ഞതുമായ അഭിനിവേശമാണ് ഇവരില്‍ മക്കളെ മലയാളം പഠിപ്പിക്കണമെന്ന ആഗ്രഹമുണര്‍ത്തിയത്.

മാതൃഭാഷയും സംസ്‌കാരവുമായുള്ള സവിശേഷബന്ധം നിലനിര്‍ത്താനും വരും തലമുറകളിലേക്ക് അത് പകര്‍ന്നുകൊടുക്കാനുള്ള ആഗ്രഹവും നിമിത്തം വളരെ ലളിതമായ വിധത്തില്‍ മലയാള ഭാഷ പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലയിടത്തും സംഘടിതമായും അല്ലാതെയും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് ഒരു ഏകീകൃത രൂപമോ ഘടനയോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ചില മലയാളി സംഘടനകള്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുന്നതിനുവേണ്ടി മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് 2005 നവംബര്‍ മാസത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് വിവിധ മലയാളി സംഘടനകളുടെ പങ്കാളിത്തത്തോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.
മലയാളം മിഷന്‍ രൂപീകരണത്തിനുമുമ്പ്

നു

മലയാളികളായ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ 2005 മുതല്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി നൂറിലേറെ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഔദ്യോഗിക ഭാഷാവകുപ്പിന്റെ നേതൃത്വത്തില്‍ പഠനകേന്ദ്രങ്ങള്‍ക്കുളള പാഠപുസ്തകങ്ങള്‍ തയാറാക്കി നല്‍കി. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ എന്നിങ്ങനെ മൂന്നുകോഴ്‌സുകളാണ് അന്നു നിലവിലുണ്ടായിരുന്നത്. ഈ കോഴ്‌സുകള്‍ക്കു വെവ്വേറെ പാഠപുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഡല്‍ഹി മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംരംഭത്തിലേക്ക് പുതിയ പഠനകേന്ദ്രങ്ങളും അധ്യാപകരും കടന്നുവന്നു.

ഡല്‍ഹി മലയാളഭാഷാപ്രവര്‍ത്തകസമിതിയും മേഖലാകോ-ഓര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2006-ല്‍ പൊതുപരീക്ഷ നടത്തി. പരീക്ഷയില്‍ വിജയികളായവരെ കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അംഗീകരിച്ചു.

ഡല്‍ഹിയിലെ ഈ സംരംഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മാതൃഭാഷാപഠനത്തെ സഹായിക്കുന്നതിനും, കേരള സംസ്‌കാരം പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേക സംവിധാനം രൂപീകരിക്കുമെന്ന് 2007 നവംബര്‍ 11-ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപനം നടത്തി.

മലയാളം മിഷന്‍ യാഥാര്‍ഥ്യമാകുന്നു
മലയാളം മിഷന്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായും വിശദാംശങ്ങള്‍ കണ്ടെത്താനുമായി 2008 ജനുവരി 18-ന് കേരള ഗവണ്‍മെന്റ് സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. പ്രൊഫ. ഒ.എന്‍.വി., സുഗതകുമാരി, പിരപ്പന്‍കോട് മുരളി, എഴുമറ്റൂര്‍ രാജരാജവര്‍മ തുടങ്ങിയവര്‍ ഈ കമ്മിറ്റിക്ക് നേതൃത്വം നല്‍കി.

2008 ഏപ്രിലില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി. 2009 ജനുവരി 19-ന് മലയാളം മിഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

2009 ഒക്‌ടോബര്‍ 22-ന് മലയാളം മിഷന്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ ഉല്‍ഘാടനം ചെയ്തു. ഡല്‍ഹിയില്‍ നടന്ന ഉല്‍ഘാട ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അധ്യക്ഷത വഹിച്ചു.
എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യം മുന്നോട്ടു വെച്ചുകൊണ്ടുള്ള മലയാളം മിഷന്റെ പ്രയാണം ആരംഭിച്ചു.

001


(കൂടുതല്‍ ചിത്രങ്ങള്‍)

പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്ക്

ഡല്‍ഹിയില്‍ 2005 മുതല്‍ നടപ്പിലാക്കി വന്ന മലയാളം ഭാഷാപാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം രക്ഷിതാക്കളില്‍ നിന്നും, അധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും ഉയര്‍ന്നു വന്നു. 2010 ....... ല്‍ മലയാളം മിഷന്‍ ഡയറക്ടറായി കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ് ചുമതലയേറ്റതോടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി സമഗ്രമായ ഒരു ഭാഷാപാഠ്യപദ്ധതി വേണമെന്ന ആശയമായി അതു പരിണാമപ്പെട്ടു.

നിലവിലുണ്ടായിരുന്ന പാഠപുസ്തകങ്ങളും പഠനപ്രക്രിയയും ശാസ്ത്രീയമായി പരിശോധിക്കുന്നതിനും ഭാഷാപഠനത്തെക്കുറിച്ചുള്ള പ്രവാസി മലയാളികളുടെ സ്വപ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി ഡല്‍ഹിയിലെ പഠനകേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഇടയില്‍ സര്‍വെ നടത്തി. പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി ആധുനിക ഭാഷാപഠന സമീപനത്തിനനുസൃതമായ പാഠ്യപദ്ധതിയും പഠന സാമഗ്രികളും തയാറാക്കേണ്ടതുണ്ടെന്ന് കണ്ടെത്തി.
പരിഷ്‌കരണം - സമീപനം രൂപപ്പെടുന്നു

സര്‍വെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മലയാള ഭാഷാപഠനത്തിന്റെ നിലവിലുള്ള അവസ്ഥ ശാസ്ത്രീയമായി വിലയിരുത്താനും പഠനരീതി, ഭാഷാപഠനസമീപനം എന്നിയെക്കുറിച്ചുള്ള ആധുനിക ധാരണകള്‍ക്കനുസൃതമായി പാഠ്യപദ്ധതി രൂപപ്പെടുത്താനുമായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് 5 ശില്‍പ്പശാലകള്‍ നടത്തി. ഡല്‍ഹി പഠന കേന്ദ്രത്തിലെ നാല്‍പ്പതോളം അധ്യാപകര്‍ ഈ സംരംഭത്തില്‍ പങ്കാളികളായി. 2010 സെപ്തംബര്‍ 17-ന് ആരംഭിച്ച ഈ ശില്‍പ്പശാലകളുടെ പരമ്പര കവി ഒ.എന്‍.വി കുറുപ്പ് ഉല്‍ഘാടനം ചെയ്തു. ഈ സംരംഭത്തിന് വിജയം നേര്‍ന്നുകൊണ്ട് കവി സച്ചിദാനന്ദനും സന്നിഹിതനായി.

onv
2010 ഡിസംബര്‍ മാസം നടന്ന ശില്‍പ്പശാലയില്‍ ഭാഷാപഠനം, പഠിതാവ്, പാഠ്യപദ്ധതി, മൂല്യനിര്‍ണയം, പാഠപുസ്തകം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി സമീപനരേഖ വികസിപ്പിച്ചു രൂപപ്പെടുത്തിയ സമീപനത്തിനനുസൃതമായി പഠനപ്രവര്‍ത്തനങ്ങള്‍ തയാറാക്കി പഠനകേന്ദ്രങ്ങളില്‍ പരീക്ഷണാര്‍ഥം പ്രയോഗിച്ചു നോക്കി.

മറുനാടന്‍ മലയാളികള്‍ക്കായി ഒരു ഭാഷാപാഠ്യപദ്ധതി

2011 ജനുവരി മാസം ഡല്‍ഹി കേരള ഹൗസില്‍ നടന്ന ശില്‍പ്പശാലയിലാണ് ഭാഷാപാഠ്യപദ്ധതി രേഖ പൂര്‍ണമാകുന്നത്. പ്രവാസിമലയാളിസമൂഹത്തിന്റെ ഭാഷാപഠന സ്വപ്നങ്ങളില്‍ നിന്ന് ഇഴപിരിച്ചെടുത്തതാണ് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍. 4 കോഴ്‌സുകളിലായി 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനത്തിലൂടെ കേരളത്തിലെ 10-ാം ക്ലാസിന്റെ നിലവാരത്തിനു തുല്യമായ നിലവാരത്തിലേക്ക് പ്രവാസിമലയാളി പഠിതാവിന് എത്താന്‍ കഴിയുന്ന രീതിയിലാണ് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നിശ്ചയിച്ചത്.

പാഠപുസ്തകങ്ങള്‍ രൂപം കൊള്ളുന്നു

2011 ഫെബ്രുവരിയില്‍ നടന്ന ശില്‍പ്പശാലകളിലൂടെ പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നേടാന്‍ പര്യാപ്തമായ പഠനാനുഭവങ്ങള്‍ നിശ്ചയിച്ചു. അവയില്‍ നിന്ന് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടവ വേര്‍തിരിച്ചു. നാലു കോഴ്‌സുകളിലേക്ക് ആവശ്യമായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും തയാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.
2011 എപ്രില്‍ 10 മുതല്‍ മെയ് 25 വരെ നീണ്ടു നിന്ന 8 ശില്‍പ്പശാലകളിലൂടെയാണ് പാഠപുസ്തകങ്ങളുടെയും കൈപ്പുസ്തകങ്ങളുടെയും അന്തിമ രൂപം തയാറാക്കിയത്. ഡല്‍ഹിയില്‍ നിന്നെത്തിയ 20 അധ്യാപകര്‍, അവരെ സഹായിക്കാനായി കേരളത്തിലെ ഇരുപതോളം അധ്യാപകരും ഭാഷാവിദഗ്ധരും, ലേ-ഔട്ട് - ഡി.ടി.പി -ഇല്ലസ്‌ട്രേഷന്‍ എന്നിവയ്ക്കായി കലാകാരന്മാരും സാങ്കേതിക വിദഗ്ധരും. ഇങ്ങനെ വലിയൊരു സംഘത്തിന്റെ രണ്ടുമാസത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് മലയാളം മിഷന്‍ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും രൂപം കൊണ്ടത്.

മിഷന്‍ ഡയറക്ടര്‍ കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ്, ഓംചേരി, രജിസ്റ്റ്രാര്‍ വി.ആര്‍ അജിത് കുമാര്‍, ഇല്ലസ്‌ട്രേഷന്‍ രംഗത്തെ വിദഗ്ധനായ അതനു റോയ്, വര്‍ഷാറാണി, ജി. നിര്‍മ്മല, മലയാളം മിഷന്‍ പരിശീലകര്‍ എന്നിവര്‍ ഈ സംരംഭത്തിന് നേതൃത്വം നല്‍കി.

കണിക്കൊന്ന പൂത്തപ്പോള്‍

മലയാളം മിഷന്റെ ആദ്യ കോഴ്‌സിലേക്കുള്ള പാഠപുസ്തകമായ കണിക്കൊന്നയുടെ പ്രകാശനം 2011 മെയ് 12-ന് തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ കേരള മുഖ്യമന്ത്രി ബഹു. ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ഡോ. യു. ആര്‍. അനന്തമൂര്‍ത്തിക്ക് നല്‍കിക്കൊണ്ടായിരുന്നു പുസ്തക പ്രകാശനം.

kanikkonna

(കൂടുതല്‍ ചിത്രങ്ങള്‍)

ശ്രീമതി. സുഗതകുമാരി, പ്രൊഫസര്‍ ഓം ചേരി, ശ്രീ കാനായി കുഞ്ഞിരാമന്‍, ശ്രീ എഴുമറ്റൂര്‍ രാജരാജവര്‍മ, പിരപ്പന്‍കോട് മുരളി തുടങ്ങിയ സാംസ്‌കാരിക നായകരുടെ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശനം.

അധ്യാപക പരിശീലനം

കൈപ്പുസ്തകങ്ങളും പാഠപുസ്തകങ്ങളും തയാറാക്കി കഴിഞ്ഞ ഉടന്‍ തന്നെ പുതിയ പാഠ്യപദ്ധതിക്കനുസൃതമായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. 2011 ജൂണ്‍ 25-ന് ഡല്‍ഹിയില്‍ പരിശീലന പരിപാടികള്‍ ആരംഭിച്ചു.

അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി അവരുടെ ഇടയില്‍ നിന്ന് കണ്ടെത്തിയ അധ്യാപക പരിശീലകര്‍ക്കാണ് ആദ്യം പരിശീലനം നല്‍കിയത്. തുടര്‍ന്ന് രണ്ടു മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ ഇരുനൂറോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.


teachers training
സമാനമായ രീതിയില്‍ 2011 ജൂലൈ 7-ന് മുംബൈയിലും 2011 ജൂലൈ 15-ന് ചെന്നൈയിലും അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു.

പോണ്ടിച്ചേരി, കല്‍പ്പാക്കം തുടങ്ങിയ കേന്ദ്രങ്ങളിലും ഈ കാലയളവില്‍ പ്രത്യേകമായി അധ്യാപക പരിശീലനങ്ങള്‍ സംഘടിപ്പിച്ചു.

പ്രവേശനോല്‍സവങ്ങള്‍

പരിശീലനം ലഭിച്ച അധ്യാപകര്‍ പഠന കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചത് ഉത്സവാന്തരീക്ഷത്തിലായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആവേശത്തോടെ പുതിയ പാഠ്യപദ്ധതിയെ വരവേറ്റ പരിപാടിയായിരുന്നു പ്രവേശനോല്‍സവങ്ങള്‍.

preveshanothsavam

 

aregi

2011 ജൂലൈ 27-ന് ഡല്‍ഹി കേരള ഹൗസില്‍ നടന്ന പ്രവേശനോല്‍സവം കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു. ശ്രീ. കെ. എം. മാണി (ധനകാര്യവകുപ്പ് മന്ത്രി) ശ്രീ. കെ.സി. ജോസഫ് (ഗ്രാമവികസന ആസൂത്രണ സാംസ്‌കാരികവകുപ്പ് മന്ത്രി), ശ്രീ. അബ്ദുറബ്ബ് (വിദ്യാഭ്യാസവകുപ്പുമന്ത്രി) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചെന്നൈ പ്രവേശനോല്‍സവം 31.07.2011-ന് ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടന്നു. മിഷന്‍ ഡയറക്ടര്‍ ശ്രീ കെ. സുരേഷ്‌കുമാര്‍, ഐ.എ.എസ് ഉല്‍ഘാടനം ചെയ്തു. കല്‍പ്പാക്കം പ്രവേശനോല്‍സവം 27.08.2011-ന് കല്‍പ്പാക്കത്ത് സംഘടിപ്പിച്ചു. ശ്രീ കെ. സുരേഷ്‌കുമാര്‍, ഐ.എ.എസ് മുഖ്യാതിഥിയായി.

chennai pondi
പോണ്ടിച്ചേരി പ്രവേശനോല്‍സവം 23.10.2011-ന് സംഘടിപ്പിച്ചു. പോണ്ടിച്ചേരി സംസ്ഥാന മന്ത്രി ................................ പ്രവേശനോല്‍സവം ഉല്‍ഘാടനം ചെയ്തു.

മുംബെയ് പ്രവേശനോത്സവം 2011 നവംബര്‍ 13-ന് നവീന്‍ മുംബൈയില്‍ നടന്നു. ഗ്രാമവികസന ആസൂത്രണ സാംസ്‌കാരികവകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫ് ഉല്‍ഘാടനം ചെയ്തു.
mumbai


പഠനത്തിന് കൂട്ടായി ഡല്‍ഹിയിലെ ലൈബ്രറി

ഡല്‍ഹി മലയാളം പഠനകേന്ദ്രങ്ങളിലെ അധ്യാപകരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു റഫറന്‍സ് ലൈബ്രറി. ഇതിന്റെ സഫലീകരണമാണ് 2011 ആഗസ്റ്റ് 22-ന് നടന്നത്.

ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസില്‍ ആരംഭിച്ച മലയാളം മിഷന്‍ ലൈബ്രറി കേന്ദ്രമന്ത്രി ശ്രീ. വയലാര്‍ രവി ഉല്‍ഘാടനം ചെയ്തു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷകനായിരുന്നു.

aregi1
അധ്യാപകര്‍ക്ക് തല്‍സ്ഥല പിന്തുണ

പഠനകേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരവധി പഠന പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചേക്കാം. അവ പരിഹരിക്കുന്നതിന് അധ്യാപകര്‍ക്ക് പ്രവര്‍ത്തന വേളയില്‍ തന്നെ സഹായം ലഭ്യമാക്കേണ്ടതുണ്ട്. അതിനായി മലയാളം മിഷന്‍ ഒരുക്കിയ പ്രത്യേക സംവിധാനമാണ് തല്‍സ്ഥല പിന്തുണ (ഓണ്‍സൈറ്റ് സപ്പോര്‍ട്ട്). ഒരു പഠനകേന്ദ്രത്തിന്റെ അധ്യാപകന്‍ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ പരിശീലനം ലഭിച്ച മറ്റൊരധ്യാപകന്‍ ക്ലാസ് സന്ദര്‍ശിക്കുകയും പഠനപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുകൊണ്ട് അവിടെയുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയാണ് തല്‍സ്ഥല പിന്തുണ എന്ന സംവിധാനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

2011 ഒക്‌ടോബര്‍ മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കല്‍പ്പാക്കം, പോണ്ടിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ എല്ലാ പഠന കേന്ദ്രങ്ങളിലും തല്‍സ്ഥല പിന്തുണ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. രണ്ടുമാസത്തിലൊരിക്കലെങ്കിലും അധ്യാപകര്‍ക്ക് തല്‍സ്ഥല പിന്തുണ ലഭിച്ചിരിക്കണമെന്ന് മലയാളം മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ക്ലസ്റ്റര്‍ - കൂട്ടായ്മയിലൂടെ അധ്യാപക പരിശീലനം

മാസത്തിലൊരിക്കലോ രണ്ടുമാസത്തിലൊരിക്കലോ ഒരു പ്രദേശത്തെ ഏതാനും പഠനകേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് ഒന്നിച്ചിരിക്കാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രശ്‌നങ്ങള്‍, നേട്ടങ്ങള്‍ എന്നിവ അവതരിപ്പിക്കാനുമുള്ള അവസരമൊരുക്കുന്ന വേദിയാണ് ക്ലസ്റ്റര്‍ പരിശീലന യോഗങ്ങള്‍.

മുന്‍ മാസങ്ങളിലെ ക്ലാസ് അനുഭവങ്ങളുടെ വിലയിരുത്തല്‍, പഠന പ്രശ്‌നങ്ങള്‍ - കാരണങ്ങള്‍ പരിഹാരങ്ങള്‍ കണ്ടെത്തല്‍, അടുത്ത രണ്ടുമാസത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം തുടങ്ങിയവയാണ് ക്ലസ്റ്റര്‍ യോഗത്തിലെ നടപടി ക്രമങ്ങള്‍.

മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ 2011 ഡിസംബര്‍ - 2012 ജനുവരി കാലയളവില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കല്‍പ്പാക്കം, പോണ്ടിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആദ്യ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടന്നു കഴിഞ്ഞു

നിരന്തര മൂല്യനിര്‍ണയത്തിനായി വെബ്‌സൈറ്റ്

പുതിയ പഠനപ്രക്രിയക്ക് ഇണങ്ങുന്ന മൂല്യനിര്‍ണയ സമ്പ്രദായത്തിന് പ്രായോഗിക രൂപം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ പാഠ്യപദ്ധതി രൂപീകരണ വേളയില്‍ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പൂര്‍ത്തീകരണം നടന്നത് 2010 ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. ഇതിനായി തിരുവനന്തപുരം, ഡല്‍ഹി എന്നിവടങ്ങളിലായി 4 ശില്‍പ്പശാലകള്‍ നടന്നു.

ലോകത്താദ്യമായി നിരന്തര മൂല്യനിര്‍ണയത്തിനായി ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു സംവിധാനം രൂപപ്പെടുത്താന്‍ മലയാളം മിഷന് കഴിഞ്ഞു. സി.ഡിറ്റിന്റെ സഹകരണത്തോടെയാണ് ഇതിനുള്ള വെബ്‌സൈറ്റും സോഫ്റ്റ്‌വെയറുകളും രൂപീകരിച്ചത്.

ഈ സംവിധാനത്തിന്റെ ട്രൈ-ഔട്ട് പ്രവര്‍ത്തനങ്ങള്‍ 2012 ഫെബ്രുവരി 18, 19 തിയതികളില്‍ ഡല്‍ഹിയില്‍ നടന്നു.

വെബ് മാഗസിന്‍ ഒരുങ്ങുന്നു

പഠനകേന്ദ്രങ്ങളിലെ പഠനത്തിന് സഹായകരമായ രീതിയില്‍ ലോകമെമ്പാടുമുള്ള മലയാളി കുട്ടികള്‍ക്കായി മലയാളം മിഷന്‍ തയാറാക്കുന്ന വെബ് മാഗസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2011 ഡിസംബര്‍ മുതല്‍ ആരംഭിച്ചു. കെല്‍ട്രോണിന്റെ സാങ്കേതിക സഹകരണത്തോടെ മലയാളം മിഷന്‍ തയാറാക്കുന്ന വെബ് മാഗസിന്‍ 2012 ഏപ്രിലില്‍ പുറത്തിറങ്ങും.

group

 

(കൂടുതല്‍ ചിത്രങ്ങള്‍)

മിഷന്‍ ഘടന
1955-ലെ തിരുവിതാംകൂര്‍
-കൊച്ചി സാഹിത്യ-ശാസ്ത്ര-ധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ടിന് (1955-ലെ 12-ാം ആക്ട്) കീഴില്‍ സ്ഥാപിതമായ മലയാളം മിഷന്റെ ഘടന ഇപ്രകാരമാണ്.

1) മുഖ്യമന്ത്രി - അധ്യക്ഷന്‍
2) പ്രിന്‍സിപ്പല്‍ സെക്രട്ടറി(ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്) - ഉപാധ്യക്ഷന്‍
3) പ്രിന്‍സിപ്പല്‍ സെക്രട്ടറി(ധനകാര്യ വകുപ്പ്) - അംഗം
4) പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് - അംഗം
5) പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രവാസി കേരളീയകാര്യ വകുപ്പ് - അംഗം
6) സെക്രട്ടറി/ഡയറക്ടര്‍, വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ് - അംഗം
7) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര
(ഔദ്യോഗികഭാഷ) വകുപ്പ്
- മിഷന്‍ ഡയറക്ടര്‍
(മെമ്പര്‍ സെക്രട്ടറി)
8) അനൌദ്യോഗികാംഗങ്ങള്‍


മലയാളം മിഷന്‍ ഓഫീസ് സംവിധാനം
1. ഡയറക്ടര്‍
2. രജിസ്ട്രാര്‍
3. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റ്
4. അസിസ്റന്റ്

ലക്ഷ്യങ്ങള്‍

1) ലോകമെമ്പാടുമുള്ള പ്രവാസിമലയാളികളുടെ സഹകരണത്തോടെ ഇന്ത്യയിലെയും വിദേശത്തെയും
വിവിധ സ്ഥലങ്ങളില്‍ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും മേല്‍നോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
2) പ്രവാസിമലയാളി കുട്ടികളുടെ ആവശ്യാനുസരണം മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ
സാംസ്കാരിക പൈതൃകവും പരിചയിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ, ഹയര്‍ ഡിപ്ളോമ,
സീനിയര്‍ ഹയര്‍ ഡിപ്ളോമ തുടങ്ങിയ വിവിധ കോഴ്സുകള്‍ ആരംഭിക്കുക.
3) വിവിധ കോഴ്സുകള്‍ക്കായി പാഠ്യപദ്ധതിയും, പാഠപുസ്തകങ്ങളും, കൈപ്പുസ്തകങ്ങളും മറ്റ് ദൃശ്യ-ശ്രാവ്യ
പഠന സാമഗ്രികളും തയാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക.
4) പഠന കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക.
5) കേരളത്തിലെ സാംസ്കാരിക ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പഠന
കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് അവസരം നല്‍കുക.
6) സംഘത്തെ സര്‍ക്കാര്‍ ഏല്‍പ്പിച്ചേക്കാവുന്ന അപ്രകാരമുള്ള മറ്റ് കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുക.
7) പ്രവാസിമലയാളികളുടെ കുട്ടികള്‍ക്ക് മലയാള ഭാഷയും കേരള സംസ്കാരവും പരിചയപ്പെടുവാന്‍
അവസരം നല്‍കുക.
8) മലയാള ഭാഷയുടെയും കേരള സംസ്കാരത്തിന്റെയും സംരക്ഷണവും പോഷണവും ഉറപ്പുവരുത്തുക.
9) മലയാള ഭാഷ തെറ്റുകൂടാതെ പറയുവാനും എഴുതുവാനും വായിക്കുവാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.
10) കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് മലയാള ഭാഷാപഠനം പ്രയോജനപ്പെടുത്തുക.
11) പ്രവാസിമലയാളികളുടെ കുട്ടികള്‍ക്ക് മലയാള സാഹിത്യ പ്രതിഭകളുമായി ആശയവിനിമയം
നടത്തുന്നതിനും അവരുടെ സര്‍ഗവാസനകള്‍ പോഷിപ്പിക്കുന്നതിനും മലയാള ഭാഷയിലൂടെ
അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവസരങ്ങള്‍ ലഭ്യമാക്കുക.
12) മലയാള സാഹിത്യത്തിന്റെ ഉത്ഭവ വികാസ പരിണാമങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുക.
13) കേരളത്തെ സംബന്ധിക്കുന്ന പൊതുവിജ്ഞാനം കുട്ടികള്‍ക്ക് ലഭ്യമാക്കുക.
14) കേരളത്തിലെ ചരിത്രസ്മാരകങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും സംബന്ധിക്കുന്ന
നേരിട്ടുള്ള അറിവ് ലഭിക്കുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭ്യമാക്കുക.
15) ആധുനിക സാങ്കേതിക വിദ്യയുമായി മലയാള ഭാഷയെ കൂട്ടിയിണക്കുന്നതു കൊണ്ടുണ്ടാകുന്ന
നേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക.
16) ഭാഷാപ്രേമവും ദേശസ്നേഹവും വളര്‍ത്തി മലയാള ഭാഷയുടെ സര്‍വതോമുഖമായ വികാസത്തിന്
പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക.
17) മുകളില്‍ പറഞ്ഞ ഉദ്ദേശ്യങ്ങള്‍ക്ക് സഹായകവും സാന്ദര്‍ഭികവുമായേക്കാവുന്ന മറ്റു കാര്യങ്ങള്‍ ചെയ്യു

-------------------------------------------------------------------------------------------------------------------------------------------------------------------------------------------


um

ശ്രീ. ഉമ്മന്‍ചാണ്ടി
അധ്യക്ഷന്‍, മലയാളം മിഷന്



മലയാളം മിഷന്റെ നിലവിലുള്ള ഭരണസമിതി

) ശ്രീ. ഉമ്മന്‍ചാണ്ടി ബഹു. മുഖ്യമന്ത്രി അധ്യക്ഷന്‍
2) ശ്രീ. ടി.ജെ. മാത്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് ഉപാധ്യക്ഷന്‍
3) ശ്രീ. എ.കെ. ദുബെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യവകുപ്പ് ഔദ്യോഗികാംഗം
4) ശ്രീ. എം. ശിവശങ്കര്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് ഔദ്യോഗികാംഗം
5) ശ്രീ. ടി.കെ. മനോജ്കുമാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രവാസി കേരളീയകാര്യവകുപ്പ് ഔദ്യോഗികാംഗം
6) ശ്രീ. എ. ഫിറോസ് ഡയറക്ടര്‍, വിവര-പൊതുജനസമ്പര്‍ക്കവകുപ്പ് ഔദ്യോഗികാംഗം
7) ശ്രീ. ഒ.എന്‍.വി. കുറുപ്പ് അനൗദ്യോഗികാംഗം
8) ശ്രീമതി. സുഗതകുമാരി അനൗദ്യോഗികാംഗം
9) ശ്രീ. കെ.എല്‍. മോഹനവര്‍മ അനൗദ്യോഗികാംഗം
10) ശ്രീ. ഓംചേരി നാരായണ പിള്ള അനൗദ്യോഗികാംഗം
11) ശ്രീ വിളക്കുടി രാജേന്ദ്രന്‍

അനൗദ്യോഗികാംഗം
12) ശ്രീ. എം. നന്ദഗോവിന്ദ്

അനൗദ്യോഗികാംഗം
13) ശ്രീ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ

അനൗദ്യോഗികാംഗം
14) ശ്രീ. എം.ആര്‍. തമ്പാന്‍

അനൗദ്യോഗികാംഗം
15) ശ്രീ. സാജന്‍ പീറ്റര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം, പരിസ്ഥിതി, സാംസ്കാരിക വകുപ്പ് മിഷന്‍ ഡയറക്ടര്‍


മിഷന്റെ ഔദ്യോഗിക ഭരണസംവിധാനം

ഡയറക്ടര്‍ - സാജന്‍ പീറ്റര്‍, ഐ.എ.എസ്
രജിസ്ട്രാര്‍ - കെ. സുധാകരന്‍ പിള്ള
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ - കെ. രാജേന്ദ്രന്‍
അസിസ്റ്റന്റ്‌ - മുജീബ് റഹ്മാന്‍


മിഷന്റെ പ്രഥമാംഗങ്ങള്‍

1. ശ്രീ. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി (ചെയര്‍മാന്‍) ഗവ. സെക്രട്ടറിയേറ്റ്
2. ഡോ. ധരംവീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്
(ഉപാധ്യക്ഷന്‍)
ഗവ. സെക്രട്ടറിയേറ്റ്
3. ശ്രീ. എന്‍.സി. ഗോയല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യവകുപ്പ് ഗവ. സെക്രട്ടറിയേറ്റ്
4. ശ്രീ. ജെയിംസ് വര്‍ഗീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് ഗവ. സെക്രട്ടറിയേറ്റ്
5. ശ്രീമതി. ഷീല തോമസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രവാസി കേരളീയകാര്യവകുപ്പ് ഗവ. സെക്രട്ടറിയേറ്റ്
6. ,, സെക്രട്ടറി/ഡയറക്ടര്‍, വിവര-പൊതുജനസമ്പര്‍ക്കവകുപ്പ് ,,
7. പ്രൊഫ. ഒ.എന്‍.വി. കുറുപ്പ് അനൗദ്യോഗിക അംഗം ഇന്ദീവരം, കോട്ടണ്‍ ഹില്‍, തിരുവനന്തപുരം
8. ശ്രീമതി. സുഗതകുമാരി അനൗദ്യോഗിക അംഗം വരദ, നന്ദാവനം, തിരുവനന്തപുരം-34
9. ശ്രീ. പിരപ്പന്‍കോട് മുരളി അനൗദ്യോഗിക അംഗം അക്ഷരകല, ഗൗരീശപട്ടം, തിരുവനന്തപുരം-4
10. ശ്രീ. ഓംചേരി നാരായണ പിള്ള അനൗദ്യോഗിക അംഗം ബി. lll/87, അശോക് വിഹാര്‍-ll, ന്യൂഡല്‍ഹി
11. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ അനൗദ്യോഗിക അംഗം കോവിലകം, എം.പി. അപ്പന്‍നഗര്‍, വഴുതക്കാട്,
തിരുവനന്തപുരം-14
12. ശ്രീ. റ്റി. തങ്കപ്പന്‍ മിഷന്‍ ഡയറക്ടര്‍
(മെമ്പര്‍ സെക്രട്ടറി)
സെക്രട്ടറി ഉദ്യോഗസ്ഥ ഭരണപരിഷ്കാര
(ഔദ്യോഗിക ഭാഷ) വകുപ്പ്


ബന്ധപ്പെടേണ്ട വിലാസം :

ഡയറക്ടര്‍, മലയാളം മിഷന്‍,
സെന്‍ട്രല്‍ പ്ളാസ, വഴുതക്കാട്, തിരുവനന്തപുരം, കേരളം.
ഫോണ്‍: 0471-2330336. ഇമെയില്‍: This e-mail address is being protected from spambots. You need JavaScript enabled to view it


വിവരാവകാശ നിയമം
സ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ. കെ. സുധാകരന്‍ പിള്ള,
രജിസ്ട്രാര്‍, മലയാളം മിഷന്‍, തിരുവനന്തപുരം.


അസിസ്റ്റന്റ് സ്‌റ്റേറ്റ്‌ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ. കെ. രാജേന്ദ്രന്‍,
മലയാളം മിഷന്‍, തിരുവനന്തപുരം.


അപ്പീലധികാരി

ശ്രീ. സാജന്‍ പീറ്റര്‍, ഐ.എ.എസ്.
ഡയറക്ടര്‍, മലയാളം മിഷന്‍,
സെന്‍ട്രല്‍ പ്ളാസ, വഴുതക്കാട്, തിരുവനന്തപുരം


ഉത്തരവുകള്‍ / നിര്‍ദേശങ്ങള്‍
1. സര്‍ക്കാര്‍ ഉത്തരവ് (അച്ചടിച്ചത്) നം. 24/2005/ഉഭപവ തീയതി 1.12.2005
2. സ.ഉ. (സാധാ) നം. 11/08/ഉഭപവ തീയതി 18.01.08
3. മലയാളം മിഷന്‍ റിപ്പോര്‍ട്ട്
4. സ.ഉ. (അച്ചടിച്ചത്) നം. 7/08/ഉഭപവ തീയതി 24.06.08
5. സ.ഉ. (അച്ചടിച്ചത്) നം. 1/09/ഉഭപവ തീയതി 19.01.09

 

 
  • പ്രധാന താള്‍
  • പഠന കേന്ദ്രങ്ങള്‍
  • പാഠപുസ്തകങ്ങള്‍
  • പാഠ്യപദ്ധതി
  • പഠന പ്രവര്‍ത്തനങ്ങള്‍
  • ഭാഷാ ശാസ്ത്രം
  • ചിത്രശാല
  • സന്ദേശങ്ങള്‍
  • അറിയിപ്പുകള്‍
  • ഓണ്‍ലൈന്‍ മാഗസിന്‍

Copyright @ Malayalam Mission, All Right Reserved. Designed By CDIT